മനക്കണ്ണിലെ രാധയും കൃഷ്ണനും
- Vimal S

- Mar 1
- 1 min read
Updated: Mar 2
ദിവ്യമായ ആ വേണുഗാനത്താൽ വൃന്ദാവനം ഒരിക്കൽക്കൂടി മുഖരിതമായോ!
വൃന്ദാവനത്തിലെ പുഷ്പമാല്യങ്ങൾ ചാർത്തിയ വള്ളിക്കുടിലുകൾക്കിടയിലൂടെ ആ വേണുവാദകനെത്തേടി എന്‍റെ മനക്കണ്ണുകൾ ഒഴുകിനീങ്ങി.
ഹൃദയത്തിലേക്ക് കുളിർന്നിറങ്ങുന്ന അനുപമനാദം ഉള്ളിൽ നിറയവേ അങ്ങ് ദൂരെയായി ആ ശ്യാമവർണ്ണം മെല്ലെ തെളിഞ്ഞു കണ്ടുതുടങ്ങി! അരികിലണഞ്ഞപ്പോൾ കണ്ടതോ, മാറിമറയുന്ന നിറങ്ങളിൽ മുങ്ങിയ ഒരു മനോഹരരൂപം! മഞ്ഞപ്പട്ടുടയാടകൾ നാദപ്രവാഹംപോലെ ഒഴുകിവാരിപ്പുണരുന്ന ഒരു ദിവ്യരൂപം!
രാധയെന്നോ കൃഷ്ണനെന്നോ തിരിച്ചറിയാനാകാത്തവിധം ശ്യാമവർണ്ണം പകര്‍ന്നാടുന്ന രാധയെന്ന ജന്മസൗഭാഗ്യംതന്നെയാണിതെന്നു തിരിച്ചറിഞ്ഞ ആ അസുലഭനിമിഷങ്ങൾ വർണ്ണങ്ങൾ വാരിയെറിയുന്നവയായിരുന്നു ... ആ ദിവ്യസാന്നിധ്യം അവിടമാകെ പ്രകാശമാനമായ നിശ്ചലതയായി നിറയുകയല്ല, മറിച്ച്, ആടിയുലയുന്ന ആ മനോഹരരൂപത്തെ കവർന്നെടുക്കുന്ന ഒരു പ്രകാശവലയമായി പകർന്നാടുകയായിരുന്നു... രാധയെന്ന ഭക്തിവിഗ്രഹത്തെ കവർന്നെടുക്കുന്ന ഒരു കൃഷ്ണവലയം!
കൃഷ്ണനായി പകർന്നാടുന്ന രാധയോ... അതോ രാധയായി പകർന്നാടുന്ന കൃഷ്ണനോ...!!!
ആ ഭാവലയവർണ്ണനടനത്തിൽ മുഴുകിയ ഈ മനസ്സിനെന്തിനു വേറൊരു മറുപടി!! ഹൃദയക്കണ്ണിൽ ഇത്ര അസുലഭമായ ഒരു സാന്നിധ്യം മറ്റൊന്നില്ലതന്നെ... രാധേകൃഷ്ണ!
-വിമൽ
ഗീതാജയന്തി ആഘോഷങ്ങളുടെ ഭാഗമായ തത്സമയ പെയിന്റിംഗ് പരിപാടിയിൽ നിന്ന്









Comments